ഈ പരിഭാഷയിൽ, 2020-10-26 മുതൽ ആദ്യ ഇംഗ്ലീഷ് താളിൽവരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല.

താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക.

പകര്‍പ്പനുമതി: പ്രായോഗികമായ ആദര്‍ശവാദം

എഴുതിയതു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

ഓരോരുത്തരുടേയും തീരുമാനങ്ങള്‍ ഉടലെടുക്കുന്നതു് അവരവരുടെ മൂല്യങ്ങളുടേയും ലക്ഷ്യത്തിന്റേയും അടിസ്ഥാനത്തിലാണു്. ആളുകള്‍ക്കു് വിവിധ തരത്തിലുള്ള ലക്ഷ്യങ്ങളും മൂല്യങ്ങളും ഉണ്ടാകാം; പ്രശസ്തി, ലാഭം, സ്നേഹം, നിലനില്‍പു്, സന്തോഷം, സ്വാതന്ത്ര്യം, ഇവയെല്ലാം ഒരു നല്ല മനുഷ്യനുണ്ടാകാവുന്ന ലക്ഷ്യങ്ങളില്‍ ചിലതു് മാത്രമാണു്. ലക്ഷ്യം തത്വാധിഷ്ഠിതമാകുമ്പോള്‍‍ നാമതിനെ ആദര്‍ശനിഷ്ഠ എന്നു പറയുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയറിലുള്ള എന്റെ പ്രവൃത്തികള്‍ ആദര്‍ശാധിഷ്ഠിതമായ ഒരു ലക്ഷ്യത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടുകൊണ്ടാണു്: സ്വാതന്ത്ര്യവും സഹകരണവും പ്രചരിപ്പിയ്ക്കുക. പരസ്പര സഹകരണം നിഷേധിക്കുന്ന കുത്തക സോഫ്റ്റ്‌വെയറിന് പകരമായി, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിയ്ക്കാന്‍ പ്രോത്സാഹിപ്പിയ്ക്കണമെന്നും അങ്ങനെ മെച്ചപ്പെട്ട ഒരു സമൂഹമുണ്ടാവണമെന്നും ആണെന്റെ ആഗ്രഹം.

ഈ അടിസ്ഥാന കാരണം കൊണ്ടാണു് ഗ്നു പൊതു സമ്മതപത്രം ആ രീതിയിലെഴുതിരിക്കുന്നതു് – പകര്‍പ്പനുമതി ഉപയോഗിച്ചുകൊണ്ടു്. ജിപിഎല്ലിലുള്ള ഒരു പ്രോഗ്രാമിലേയ്ക്കു ചേര്‍ക്കുന്ന എല്ലാ കോഡുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറായിരിയ്ക്കണം, അതു് വേറൊരു ഫയലിലാക്കി സൂക്ഷിച്ചാല്‍ പോലും. മറ്റു് സോഫ്റ്റ്‌വെയര്‍ രചയിതാക്കളും അവരുടെ പ്രോഗ്രാമുകള്‍ സ്വതന്ത്രമാക്കുന്നതു് പ്രോത്സാഹിപ്പിക്കാനായി, എന്റെ കോഡ് ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലുള്ള ഉപയോഗത്തിനായി മാത്രം ലഭ്യമാക്കുന്നു. കുത്തക സോഫ്റ്റ്‌വെയര്‍ എഴുത്തുകാര്‍, പകര്‍പ്പവകാശം ഉപയോഗിച്ചു്, പങ്കുവയ്ക്കുന്നതു് തടയുമ്പോള്‍, നമ്മള്‍ സഹകരണമനസ്കര്‍, പകര്‍പ്പവകാശം ഉപയോഗിയ്ക്കുന്നതു് സമാനമനസ്കര്‍ക്കു് മാത്രം നമ്മുടെ കോഡ് ഉപയോഗിയ്ക്കാം, എന്ന പ്രത്യേക പ്രയോജനം പ്രദാനംചെയ്യാനാണു്.

ഗ്നു ജിപിഎല്‍ ഉപയോഗിയ്ക്കുന്ന എല്ലാവര്‍ക്കും ഈ ലക്ഷ്യമില്ല. വര്‍ഷങ്ങള്‍ക്കു് മുന്‍പു് എന്റെ ഒരു സ്നേഹിതനോടു്, പകര്‍പ്പനുമതിയുള്ള ഒരു പ്രോഗ്രാം പകര്‍പ്പനുമതിയില്ലാത്ത രീതിയില്‍ പുനപ്രകാശനം ചെയ്യാന്‍ ആവശ്യമുയര്‍ന്നപ്പോള്‍ അദ്ദേഹം പ്രതികരിച്ചതു് ഏതാണ്ടിതുപോലെയാണു്:

“ചിലപ്പോള്‍ ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ പ്രവൃത്തിയ്ക്കാറുണ്ടു്, ചിലപ്പോള്‍ കുത്തക സോഫ്റ്റ്‌വെയറിലും – പക്ഷെ കുത്തക സോഫ്റ്റ്‌വെയറില്‍ പ്രവൃത്തിയ്ക്കുമ്പോള്‍ ഞാന്‍ പണം പ്രതീക്ഷിയ്ക്കുന്നുണ്ടു്.”

സോഫ്റ്റ്‌വെയര്‍ പങ്കുവയ്ക്കുന്ന ഒരു സമൂഹവുമായി തന്റെ പ്രയത്നം പങ്കുവയ്ക്കാന്‍ അയാള്‍ തയ്യാറായിരുന്നു, പക്ഷെ സമൂഹത്തിനു് വിലങ്ങുതടിയാകുന്ന ഉത്പന്നങ്ങളുണ്ടാക്കുന്ന ഒരു വ്യവസായത്തെ വെറുതെ സഹായിയ്ക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ ലക്ഷ്യം എന്റേതില്‍ നിന്നും വ്യത്യസ്തമായിരുന്നു, പക്ഷെ, ഗ്നു ജിപില്‍ അദ്ദേഹത്തിന്റെ ലക്ഷ്യത്തിനും യോജിച്ചതാണെന്നു് അദ്ദേഹം തീരുമാനിച്ചു.

നിങ്ങള്‍ക്കു് ലോകത്തെന്തെങ്കിലും സാധിയ്ക്കണമെങ്കില്‍ ആദര്‍ശനിഷ്ഠ കൊണ്ടു് മാത്രം കാര്യമില്ല – ലക്ഷ്യം സാധൂകരിയ്ക്കാനുതകുന്ന ഒരു വഴി നിങ്ങള്‍ സ്വീകരിയ്ക്കേണ്ടതുണ്ടു്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ “പ്രായോഗികമായ” രീതി സ്വീകരിയ്കണം. ജിപിഎല്‍ പ്രായോഗികമാണോ? നമുക്കു് അതിന്റെ ഫലങ്ങള്‍ നോക്കാം.

ഗ്നു സി++ന്റെ കാര്യമെടുക്കാം. എങ്ങിനെയാണു് നമുക്കു് ഒരു സ്വതന്ത്ര സി++ കമ്പൈലര്‍ ഉണ്ടായതു്? ഗ്നു ജിപിഎല്‍ അതു് സ്വതന്ത്രമായിരിക്കണമെന്നു് നിഷ്കര്‍ഷിച്ചതുകൊണ്ടു് മാത്രമാണു്. എംസിസി എന്ന ഒരു വ്യവസായിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗ്നു സി കമ്പൈലര്‍ അടിസ്ഥാനമാക്കിയാണു്, ഗ്നു സി++ ഉണ്ടാക്കിയതു്. എംസിസി സാധാരണയായി അതിന്റെ എല്ലാ സൃഷ്ടികളും പരമാവധി കുത്തകവത്കരിയ്ക്കാന്‍ ശ്രമിയ്ക്കാറുണ്ടു്. പക്ഷെ അവര്‍ സി++ ന്റെ ഫ്രണ്ട് എന്റ് സ്വതന്ത്ര സോഫ്റ്റ്‌വെയറാക്കി, എന്തെന്നാല്‍ ഗ്നു ജിപിഎല്‍ അനുസരിച്ചു് ആ ഒരു രീതിയില്‍ മാത്രമേ അതു് പ്രകാശനം ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. സി++ ഫ്രണ്ട എന്റില്‍ കുറെ പുതിയ ഫയലുകള്‍ ഉണ്ടായിരുന്നു, പക്ഷെ അവയെല്ലാം ജിസിസിയുമായി ബന്ധപ്പെടേണ്ടതായതുകൊണ്ടു് അവയ്ക്കൊക്കെ ജിപിഎല്‍ ബാധകമായി. നമ്മുടെ സമൂഹത്തിനു് അതുകൊണ്ടുള്ള നേട്ടം വ്യക്തമാണു്.

ഗ്നു ഒബ്ജെക്റ്റീവ് സി-യുടെ കാര്യമെടുക്കു. നെക്സ്റ്റിനു് (NeXT), ആദ്യം അതിന്റെ ഫ്രണ്ട് എന്റ് കുത്തകവത്കരിയ്ക്കാനായിരുന്നു ആഗ്രഹം; അതിനായി അവര്‍ .o ഫയലുകള്‍ മാത്രം പ്രകാശനം ചെയ്യുന്നതായി പ്രസ്താവിച്ചു. ഉപയോക്താക്കള്‍ക്കു് അതും ജിസിസിയും തമ്മില്‍ ബന്ധിപ്പിയ്ക്കാന്‍ അനുവദിയ്ക്കുന്ന രീതിയിലാകുമ്പോള്‍, ജിപിഎല്‍ -ന്റെ നിബന്ധനങ്ങളെ അതുവഴി മറികടക്കാമെന്നു് അവര്‍ വിചാരിച്ചു. പക്ഷെ അതുകൊണ്ടു മാത്രം ജിപിഎല്ലിന്റെ നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്നു് ഞങ്ങളുടെ വക്കീലന്മാര്‍ അവരോടു് പറഞ്ഞു. തുടര്‍ന്നു് അവര്‍ ഒബ്ജെക്റ്റീവ് സി യുടെ ഫ്രണ്ട് എന്റ് സ്വതന്ത്ര സോഫ്റ്റ‌വെയറാക്കി.

ഈ ഉദാഹരണങ്ങളെല്ലാം വര്‍ഷങ്ങള്‍ക്കു് മുന്‍പു് സംഭവിച്ചതാണു്, പക്ഷെ ഗ്നു ജിപിഎല്‍ ഇപ്പോഴും നമുക്കു് കൂടുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ തന്നുകൊണ്ടിരിയ്ക്കുന്നു.

കുറെ ഗ്നു ലൈബ്രറികള്‍ ഗ്നു ലെസ്സര്‍ ജെനറല്‍ പബ്ലിക് ലൈസന്‍സാണു് സ്വീകരിച്ചിരിയ്ക്കുന്നതു്, പക്ഷെ എല്ലാം അങ്ങനെയല്ല. റീഡ്ലൈന്‍, സാധാരണ ജിപില്‍ ഉപയോഗിയ്ക്കുന്ന ഒരു ലൈബ്രറിയാണു്. കമാന്‍ഡ് ലൈനില്‍ എഴുതാന്‍ സഹായിയ്ക്കുന്നതിനുള്ളതാണതു്. ഒരിയ്ക്കല്‍ റീഡ്ലൈന്‍ ഉപയോഗിച്ചു് പ്രവര്‍ത്തിയ്ക്കുന്ന, സ്വതന്ത്രമല്ലാത്ത ഒരു പ്രോഗ്രാം ഞാന്‍ കാണാനിടയായി. അതിന്റെ എഴുത്തുകാരനോടു്, ഇതനവുദനീയമല്ലെന്നു് ഞാന്‍ പറഞ്ഞു. അയാള്‍ക്കു വേണമെങ്കില്‍ കമാന്‍ഡ് ലൈനില്‍ എഴുതാനുള്ള പ്രോഗ്രാം അതില്‍നിന്നും ഒഴിവാക്കാമായിരുന്നു, പക്ഷെ അയാളതു് ജിപിഎല്ലില്‍ പുനപ്രകാശനം ചെയ്യുകയാണുണ്ടായതു്. ഇപ്പോഴതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്.

ജിസിസി (അല്ലെങ്കില്‍ ഈമാക്സ്, അല്ലെങ്കില്‍ ബാഷ്, അല്ലെങ്കില്‍ ലിനക്സ്, അതുപോലുള്ള ഏതെങ്കിലും ജിപിഎല്‍ സ്വീകരിച്ച പ്രോഗ്രാം) മെച്ചപ്പെടുത്തുന്ന പ്രോഗ്രാമര്‍മാര്‍ പലപ്പോഴും കമ്പനികള്‍ക്കോ യൂണിവേഴ്സിറ്റികള്‍ക്കോ വേണ്ടി ജോലിചെയ്യുന്നവരായിരിയ്ക്കും. പ്രോഗ്രാമര്‍ക്കു് അയാളുടെ മെച്ചപ്പെടുത്തലുകള്‍ എല്ലാവര്‍ക്കും ഉപകാരമാകുന്ന രീതിയില്‍ സോഫ്റ്റ്‌വെയറിന്റെ പരിഷ്കരിച്ച പതിപ്പില്‍ ഉള്‍പ്പെടുത്തണമെന്നുണ്ടെങ്കിലും, അവരുടെ മേലുദ്യോഗസ്ഥന്‍ ചിലപ്പോള്‍ പറയും, “നില്‍ക്കു – നിങ്ങളുടെ കോഡ് ഞങ്ങള്‍ക്കുള്ളതാണു്! ഞങ്ങള്‍ക്കു് അതു് പങ്കിടുന്നതിഷ്ടമല്ല; നിങ്ങളുടെ മെച്ചപ്പെട്ട പതിപ്പു് ഒരു കുത്തക സോഫ്റ്റ്‌വെയര്‍ ഉത്പന്നമായി ഇറക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിയ്ക്കുന്നു.”

ഇവിടെ ഗ്നു ജിപിഎല്‍ രക്ഷയ്ക്കായി എത്തുന്നു. ഈ കുത്തക സോഫ്റ്റ്‌വെയര്‍ പകര്‍പ്പവകാശനിയമത്തിന്റെ ലംഘനമാവുമെന്നു് പ്രോഗ്രാമര്‍ മേലുദ്യോഗസ്ഥനെ ധരിപ്പിയ്ക്കുന്നു, രണ്ടു വഴിയകളേയുള്ളു എന്നു് മേലുദ്യോഗസ്ഥന്‍ തിരിച്ചറിയുന്നു: ഒന്നുകില്‍ കോഡ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയി ഇറക്കുക അല്ലെങ്കില്‍ ഇറക്കാതിരിയ്ക്കുക. ഒട്ടുമിക്കപ്പോഴും, പ്രോഗ്രാമറെ, അയാള്‍ ആഗ്രഹിച്ചരീതിയില്‍ ചെയ്യാനനുവദിക്കുകയാണു് പതിവു്, തുടര്‍ന്നു് കോഡ് അടുത്ത പതിപ്പിലേയ്ക്കു് ചേരും.

ഗ്നു ജിപിഎല്‍ ഒരുത്തമപുരുഷനല്ല. ആളുകള്‍ ചിലപ്പോള്‍ ചെയ്യാന്‍ സാധ്യതയുള്ള ചില കാര്യങ്ങളോടു് ജിപിഎല്‍ അരുതു് എന്നു് പറയുന്നു. ഇതു് ചീത്ത കാര്യമാണെന്നു് പറയുന്ന ഉപയോക്താക്കളുണ്ടു് – അതായതു്, “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിലേയ്ക്കു് കൊണ്ടുവരേണ്ട ” ചില സോഫ്റ്റ്‌വെയര്‍ എഴുത്തുകാരെ ജിപിഎല്‌ “ഒഴിവാക്കുന്നു” എന്നു്.

പക്ഷെ നാം അവരെ ഒഴിവാക്കുന്നില്ല; നമ്മോടൊപ്പം ചേരണ്ടെന്നു് അവരാണു് തീരുമാനിക്കുന്നതു്. സോഫ്റ്റ്‌വെയര്‍ കുത്തകവത്കരിയ്ക്കാനുള്ള അവരുടെ തീരുമാനം നമ്മുടെ കൂട്ടായ്മയില്‍ ചേരണ്ട എന്ന തീരുമാനമാണു്. നമ്മുടെ കൂട്ടായ്മയില്‍ ചേരുക എന്നാല്‍ നമ്മളുമായി സഹകരിയ്ക്കുക എന്നാണു്; അവര്‍ക്കു് ചേരാന്‍ താത്പര്യമില്ലെങ്കില്‍, നമുക്കു് “അവരെ നമ്മുടെ കൂട്ടായ്മയിലേയ്ക്കു് കൊണ്ടുവരാന്‍” പറ്റില്ല.

നമുക്കു് ചെയ്യാന്‍ കഴിയുന്നതു്, ചേരാന്‌ പ്രേരിപ്പിക്കുക മാത്രമാണു്. ഇപ്പോഴുള്ള സോഫ്റ്റ്‌വെയര്‍ കൊണ്ടു് ഒരു പ്രേരണ സൃഷ്ടിയ്ക്കാന്‍ പര്യാപ്തമായ രീതിയിലണു് ഗ്നു ജിപിഎല്‍ രൂപകല്പന ചെയ്തിരിക്കുന്നതു്: “നിങ്ങള്‍ നിങ്ങളുടെ പ്രോഗ്രാം സ്വതന്ത്രമാക്കുകയാണെങ്കില്‍, നിങ്ങള്‍ക്കു് ഈ കോഡുപയോഗിയ്ക്കാം.” തീര്‍ച്ചയായും, ഇതു് എല്ലാവരേയും പ്രേരിപ്പിക്കാന്‍ പര്യാപ്തമല്ല, പക്ഷെ ചിലരെയെങ്കിലും അങ്ങനെ പ്രേരിപ്പിക്കാന്‍ കഴിയും.

കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം നമ്മുടെ സമൂഹത്തിനു് അനുഗുണമല്ല, പക്ഷെ അതിന്റെ എഴുത്തുകാര്‍ക്കു് പലപ്പോഴും നമ്മുടെ സഹായം ആവശ്യമായി വരാറുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ അതിന്റെ ഉപജ്ഞാതാക്കള്‍ക്കു് പലപ്പോഴും അംഗീകാരവും കടപ്പാടും വഴി ആദരവു് നല്‍കുന്നുണ്ടെങ്കിലും, ഒരു വ്യവസായം നിങ്ങളോടു, “നിങ്ങളുടെ കോഡ് ഞങ്ങളുടെ കുത്തക സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിയ്ക്കു, എന്നാല്‍ ആയിരകണക്കിനു് ഉപയോക്താക്കള്‍ നിങ്ങളുടെ പ്രോഗ്രാം ഉപയോഗിയ്ക്കും!” എന്നു് പറയുമ്പോള്‍, അതു് നിങ്ങളെ കൂടുതല്‍ ശക്തമായി പ്രലോഭിപ്പിച്ചേക്കാം. ഈ പ്രലോഭനം വളരെ ശക്തിമത്താകാം പക്ഷെ ദീര്‍ഘകാലത്തെ നന്മയ്ക്കു് നമ്മള്‍ അതു് നിരാകരിക്കുന്നതാണു് നല്ലതു്.

കുത്തക സോഫ്റ്റ്‌വെയറുകളെ സഹായിയ്ക്കാന്‍ നയം ഉള്ള സ്വതന്ത്ര സോഫ്റ്റ‌വെയര്‍ സംഘടനകളിലൂടെ പരോക്ഷമായി ഈ പ്രലോഭനങ്ങള്‍ വരുമ്പോള്‍ അതു് തിരിച്ചറിയാന്‍ തന്നെ പ്രയാസമാകും. എക്സ് കണ്‍സോര്‍ഷ്യം (അതിന്റെ പിന്‍ഗാമി ഓപ്പണ്‍ ഗ്രൂപ്പും)ഒരു ഉദാഹരണമാണു്: കുത്തക സോഫ്റ്റ്‌വെയറുണ്ടാക്കുന്ന കമ്പനികളുടെ മുതല്‍മുടക്കിലുള്ള ഇവര്‍, ഒരു ദശാബ്ദക്കാലമായി പ്രോഗ്രാമര്‍മാരോടു് പകര്‍പ്പനുമതി ഉപയോഗിയ്ക്കാതിരിയ്ക്കാനായി പ്രോത്സാഹിപ്പിയ്ക്കുന്നു. ഓപ്പണ്‍ ഗ്രൂപ്പ്, X11R6.4 സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറാക്കിയപ്പോള്‍, ഞങ്ങളില്‍ ഈ സമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞവര്‍, അങ്ങനെ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടരാണു്.

1998, സെപ്റ്റമ്പറില്‍, X11R6.4 പുറത്തിറക്കി മാസങ്ങള്‍ക്കു ശേഷം, X11R6.3 ഉപയോഗിച്ചിരുന്ന, പകര്‍പ്പനുമതി ഉപയോഗിയ്ക്കാത്ത, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മതപത്രത്തില്‍ തന്നെ അതു് പുനപ്രകാശനം ചെയ്യപ്പെട്ടു. ഓപ്പണ്‍ ഗ്രൂപ്പേ നന്ദി – പക്ഷെ കുറച്ചു് കാലത്തിനു് ശേഷം തിരുത്തിയിറക്കി എന്നതു് കൊണ്ടു്, നിയന്ത്രണങ്ങള്‍ ചേര്‍ക്കാന്‍ സാധിയ്ക്കും എന്ന ഞങ്ങളുടെ നിഗമനം, തെറ്റായിപ്പോകുന്നില്ല.

പ്രായോഗികമായി പറഞ്ഞാല്‍, ദീര്‍ഘ കാലത്തെയ്ക്കുള്ള ലക്ഷ്യങ്ങളെ പറ്റി ചിന്തിയ്ക്കുന്നതു്, ഇത്തരം സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ നിങ്ങള്‍ക്കു് ശക്തി പകരും. ഉറച്ചു നിന്നാല്‍ നിങ്ങള്‍ക്കു നിര്‍മ്മിയ്ക്കാവുന്ന കൂട്ടായ്മയേയും സ്വാതന്ത്ര്യത്തേയും കുറിച്ചു് നിങ്ങള്‍ ഏകാഗ്രമാവുകയാണെങ്കില്‍, അതു് ചെയ്യാനുള്ള ശക്തി നിങ്ങള്‍ കണ്ടെത്തും. “എന്തിനെങ്കിലും വേണ്ടി നിലകൊള്ളുക അല്ലെങ്കില്‍ ഒന്നിനുമല്ലാതെ നിങ്ങള്‍ വീഴും.”

ദോഷൈകദൃക്കുകള്‍ സ്വാതന്ത്ര്യത്തെ പരിഹസിച്ചാല്‍, കൂട്ടായ്മയെ പരിഹസിച്ചാല്‍, “കടുത്ത യാഥാര്‍ത്ഥ്യ വാദികള്‍” ലാഭം മാത്രമാണു് ഉത്കൃഷ്ടം എന്നു് പറഞ്ഞാല്‍… അതെല്ലാം തള്ളികളയു, പകര്‍പ്പനുമതി ഉപയോഗിയ്ക്കു.


ഈ ലേഖനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, സ്വതന്ത്ര സമൂഹം: റിച്ചാര്‍ഡ് എം. സ്റ്റാള്‍മാന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചതാണു്.