ഈ പരിഭാഷയിൽ, 2021-08-31 മുതൽ ആദ്യ ഇംഗ്ലീഷ് താളിൽവരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല.

താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക.

സ്വതന്ത്ര വിതരണങ്ങൾക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (GNU FSDG)

ആമുഖം

സ്വതന്ത്രമെന്നു യോഗ്യത നേടുകയെന്നാൽ, ഒരു വിതരണത്തെ (ഉദാ: ഗ്നു/ലിനക്സ് വിതരണം) സംബന്ധിച്ച് എന്താണെന്നു വിശദീകരിക്കാനും അതു വഴി വിതരണ നിര്‍മ്മാതാക്കളെ തങ്ങളുടെ വിതരണങ്ങളെ യോഗ്യമാക്കാന്‍ സഹായിക്കാനും ഉദ്ദേശിച്ചുള്ളവയാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.

ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമല്ല. ഞങ്ങള്‍ക്കിപ്പോളറിവുള്ള പ്രശ്നങ്ങളെ മാത്രമേ പരാമര്‍ശിച്ചിട്ടുള്ളു. ഇനിയും ധാരാളം പ്രശ്നങ്ങളുണ്ടു്. അവ തിരിച്ചറിയപ്പെടുന്ന മുറയ്ക്കു കൂട്ടിച്ചേര്‍ത്തു കൊണ്ടിരിക്കും.

ഈ നയങ്ങളില്‍ ശ്രദ്ധയൂന്നുന്നതിനുള്ള സഹായത്തിനും, അവരുടെ സ്വന്തം വിതരണ അനുമതിപത്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ ഈ രേഖയുടെ അടിസ്ഥാനമായി ഉപയോഗിക്കാന്‍ അനുവദിച്ചതിനും ഫെഡോറ പ്രോജക്റ്റിനു് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു.

സമ്പൂർണ വിതരണങ്ങൾ

നിങ്ങൾക്ക്, ഒരു കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിയ്ക്കുന്ന സിസ്റ്റങ്ങൾക്കായുള്ള സഹായിയാണ് ഞങ്ങളുടെ വിതരണങ്ങളുടെ പട്ടിക. അതുകൊണ്ടു് തന്നെ, സമ്പൂർണവും ഉപയോഗിയ്ക്കാവുന്ന രീതിയിൽ തയ്യാറുമായ വിതരണങ്ങൾ മാത്രമേ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളു. ഒരു വിതരണം അപൂർണമാണെങ്കിലോ — അതിന് കൂടുതൽ ഡവലപ്മെന്റുകൾ ആവശ്യമാണെങ്കിലോ, അല്ലെങ്കിൽ മറ്റു സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ മുൻകൂറായി ആവശ്യപ്പെടുന്നുവെങ്കിലോ — സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണെങ്കിൽ പോലും അത് ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ടാവില്ല.

ഈ ആവശ്യകതയ്ക്കും മുകളിൽ കൊടുത്ത സെൽഫ്-ഹോസ്റ്റിങ് ആവശ്യകതയ്ക്കും ഉള്ള ഒരു അപവാദം ചെറു സിസ്റ്റം വിതരണങ്ങൾ ആണ്, ഇവ പരിമിതമായ വിഭവങ്ങളോടുകൂടിയ ഉപകരണങ്ങൾക്കു വേണ്ടി രൂപകല്പന ചെയ്ത വിതരണങ്ങളാണ്, ഉദാഹരണത്തിനു് ഒരു വയർലെസ് റൂട്ടർ പോലുള്ളത്. സ്വതന്ത്ര ചെറു സിസ്റ്റം വിതരണങ്ങൾ സെൽഫ്-ഹോസ്റ്റിങ്ങോ അല്ലെങ്കിൽ സമ്പൂർണമോ ആകണമെന്നില്ല, കാരണം അത്തരം ഒരു സിസ്റ്റത്തിൽ ‍ഡവലപ്മെന്റു ചെയ്യുന്നത് അപ്രായോഗികമാണ്, പക്ഷേ അതു് ഞങ്ങളുടെ വിതരണങ്ങളുടെ പട്ടികയിൽ നിന്നുമുള്ള ഒരു സ്വതന്ത്ര സമ്പൂർണ സിസ്റ്റം വിതരണത്തിനു മുകളിൽ ഡവലപ്പു ചെയ്യാവുന്നതും ബിൽഡു് ചെയ്യാവുന്നതുമാവണം, ഒരുപക്ഷേ ചെറു സിസ്റ്റം വിതരണത്തിനൊപ്പം തന്നെ വിതരണം ചെയ്തിട്ടുള്ള സ്വത‍ന്ത്ര ടൂളുകളുടെ സഹായത്തോടെ.

അനുമതിപത്ര നിയമങ്ങള്‍

സോഫ്റ്റ്‌വെയറുകളും സഹായരേഖകളും ഫോണ്ടുകളും നേരിട്ടുപയോഗമുള്ള മറ്റു വിവരങ്ങളും ചേര്‍ന്നതാണു് “പ്രായോഗികോപയോഗത്തിനുള്ള വിവരങ്ങള്‍”. (പ്രായോഗികോപയോഗങ്ങളേക്കാളും) സൌന്ദര്യപരമായ ഉപയോഗങ്ങളുള്ള കലാസൃഷ്ടികളോ അഭിപ്രായങ്ങളോ വിലയിരുത്തലുകളോ ഒന്നും അതില്‍പ്പെടുന്നില്ല.

ഒരു സ്വതന്ത്ര വിതരണത്തിലെ പ്രായോഗികോപയോഗത്തിനുള്ള വിവരങ്ങളെല്ലാം നിര്‍ബന്ധമായും മൂലരൂപത്തില്‍ ലഭ്യമായിരിക്കണം. (“മൂലരൂപമെന്നാല്‍” വിവരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനു് അനുയോജ്യമായ രൂപമെന്നു് അർത്ഥം.)

വിവരവും അതിന്റെ മൂലരൂപവും, നിര്‍ബന്ധമായും അനുയോജ്യമായ സ്വതന്ത്ര അനുമതിപത്ര പ്രകാരം നല്‍കിയിരിക്കണം. സോഫ്റ്റ്‌വെയറുകള്‍ക്കും സഹായരേഖകള്‍ക്കും ഫോണ്ടുകള്‍ക്കും മറ്റുപയോഗയോഗ്യമായ കാര്യങ്ങള്‍ക്കും അനുയോജ്യമായ അനുമതിപത്രങ്ങളെ പ്രത്യേകം ഭാഗങ്ങളായിത്തിരിച്ചു് ഞങ്ങള്‍ വിലയിരുത്തി അനുമതി പത്ര പട്ടികയായി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഇത്തരമൊരു കാര്യം പല അനുമതിപത്രങ്ങള്‍ പ്രകാരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയിലൊന്നു് സ്വതന്ത്ര അനുമതിപത്രമാണെങ്കില്‍ വിതരണത്തിലുള്‍പ്പെടുത്താവുന്നതാണു്; വിതരണ നിര്‍മ്മാതാക്കള്‍ വിതരണം ചെയ്യുമ്പോഴും /അല്ലെങ്കിൽ മാറ്റം വരുത്തുമ്പോഴും സ്വതന്ത്ര അനുമതിപത്രത്തിന്റെ(ങ്ങളുടെ) നിബന്ധനകള്‍ മാത്രമനുസരിച്ചാല്‍ മതി.

ഒരു സ്വതന്ത്ര വിതരണം ഒരിക്കലും പ്രായോഗികാവശ്യങ്ങള്‍ക്കായി ഉപയോക്താക്കളെ അസ്വതന്ത്ര വിവരങ്ങള്‍ ലഭ്യമാക്കുന്നതിലേക്കു നയിക്കുകയോ അതിനവരെ പ്രേരിപ്പിക്കുക പോലുമോ ചെയ്യരുതു്. അസ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കു വേണ്ടി റെപ്പോസിറ്ററികൾ ഉണ്ടായിരിക്കരുതു് എന്നു മാത്രമല്ല അസ്വതന്ത്ര പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യുവാനായി പ്രത്യേകം രീതികൾ ഉണ്ടാകുവാനും പാടില്ല. കൂടാതെ ഈ വിതരണങ്ങൾ, സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ മാത്രമായി ഏർപ്പെട്ടിരിയ്ക്കുന്നതല്ലാത്ത തേർഡ്-പാർട്ടി റെപ്പോസിറ്ററികൾ പരാമർശിയ്ക്കുവാനും പാടില്ല. വിതരണത്തിലെ പ്രയോഗങ്ങള്‍ സ്വതന്ത്രമല്ലാത്ത കൂട്ടിച്ചേര്‍ക്കലുകളോ, സഹായരേഖകളോ ഒന്നും ചേര്‍ക്കാന്‍ നിര്‍ദ്ദേശിക്കരുതു്.

ഉദാഹരണത്തിനു്, ഒരു സ്വതന്ത്ര സിസ്റ്റം വിതരണത്തിൽ ഇഎംഇ (EME), ‍ഡിആർഎം (DRM) ലോ‍ഡ് ചെയ്യാനായി രൂപകല്പന ചെയ്തിട്ടുള്ള ബ്രൗസർ ഫങ്ഷണാലിറ്റി, ഉപയോഗിയ്ക്കുന്ന ബ്രൗസറുകൾ ഉണ്ടാകുവാൻ പാടില്ല.

ഒരു സ്വതന്ത്ര വിതരണം എല്ലാ അര്‍ത്ഥത്തിലും സ്വയം പര്യാപ്തമായിരിക്കണം. എന്നു വച്ചാല്‍, വിതരണത്തോടൊപ്പമുള്ള വിവിധ പ്രയോഗങ്ങള്‍ ഉപയോഗിച്ചു് വിതരണം നിര്‍മ്മിക്കാനും, വികസിപ്പക്കാനും നിര്‍ബന്ധമായും സാധിക്കണം. അതിനാല്‍, സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുമാത്രം നിര്‍മ്മിക്കാവുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ സ്വതന്ത്ര വിതരണത്തില്‍ ഉള്‍പ്പെടുത്താനാവില്ല.

ഇന്നു് സ്വതന്ത്ര വിതരണങ്ങളില്‍ ഒരുപാടു കോഡുണ്ടു്; അവയെല്ലാം പരിശോധനയ്ക്കു വിധേയമാക്കുകയെന്നു പറയുന്നതു് വളരെ വലിയൊരു ജോലിയും ഭൂരിഭാഗം ആളുകളെ സംബന്ധിച്ചിടത്തോളം അപ്രായോഗികവുമാണു്. മുന്‍പും അബദ്ധത്തില്‍ സ്വതന്ത്രമല്ലാത്ത കോഡുകള്‍ സ്വതന്ത്ര വിതരണങ്ങളില്‍ കയറിപ്പറ്റിയിട്ടുണ്ടു്. ഈയൊറ്റക്കാരണം കൊണ്ടു് ഞങ്ങള്‍ വിതരണങ്ങളെ പട്ടികയില്‍ നിന്നൊഴിവാക്കുകയൊന്നുമില്ല; പകരം സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകളെ മാറ്റിനിര്‍ത്താനായി ആത്മാര്‍ത്ഥമായ ഒരു ശ്രമം നടത്താനും എന്നെങ്കിലും തിരിച്ചറിയപ്പെട്ടാല്‍ അവയെ നിര്‍ബന്ധമായും ഒഴിവാക്കാന്‍ സന്നദ്ധത കാണിക്കാനും മാത്രമാണു് ഞങ്ങള്‍ വിതരണങ്ങളുടെ ഡവലപ്പർമാരോടു് ആവശ്യപ്പെടുന്നതു്.

സ്വതന്ത്ര വിതരണങ്ങള്‍ ഉണ്ടാക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നവരുടെ സവിശേഷ ശ്രദ്ധ പതിയേണ്ടുന്ന ചില പ്രത്യേക അനുമതിപത്ര സാഹചര്യങ്ങളുണ്ടു്; അവയെക്കുറിച്ചാണു് ഇനിയുള്ള ഭാഗങ്ങള്‍ പ്രതിപാദിക്കുന്നതു്.

സ്വതന്ത്രമല്ലാത്ത ഫേംവെയര്‍

ചില പ്രയോഗങ്ങള്‍ക്കും ഡ്രൈവറുകള്‍ക്കും പ്രവര്‍ത്തിക്കണമെങ്കില്‍ ഫേംവെയര്‍ അവശ്യമാണു്, ഈ ഫേം വെയറുകളാവട്ടെ ഒബ്ജക്റ്റ് കോഡ് രൂപത്തില്‍ സ്വതന്ത്രമല്ലാത്ത അനുമതിപത്രങ്ങള്‍ക്കനുസരിച്ചായിരിക്കും വിതരണം ചെയ്യപ്പെടുന്നതു്. ഇത്തരം ഫേംവെയര്‍ പ്രോഗ്രാമുകളെ “ബ്ലോബുകള്‍” എന്നാണു് ഞങ്ങള്‍ വിളിക്കുന്നതു്. ഏതാണ്ടെല്ലാ ഗ്നു/ലിനക്സ് വിതരണങ്ങളിലും ലിനക്സ് കെര്‍ണലിലെ ചില ഡ്രൈവറുകളോടൊപ്പം ഇവയെ കാണാം. ഒരു സ്വതന്ത്ര വിതരണത്തില്‍ നിന്നും ഇത്തരം ഡ്രൈവറുകളെ നിര്‍ബന്ധമായും ഒഴിവാക്കിയിരിക്കണം.

ബ്ലോബുകള്‍ പല രൂപത്തിലും ഭാവത്തിലും കാണപ്പെടാറുണ്ടു്. ചിലയവസരങ്ങളില്‍ പ്രത്യേകം ഫയലുകളായി അവ പ്രത്യക്ഷപ്പെടുമ്പോള്‍ മറ്റു ചിലയവസരങ്ങളില്‍ ഡ്രൈവറിന്റെ മൂലരൂപത്തോടു ഇഴുകിച്ചേര്‍ന്ന അവസ്ഥയിലും കാണാറുണ്ടു് – ഉദാഹരണത്തിനു്, അക്കങ്ങളുടെ വലിയൊരു കൂട്ടമായി നിഗൂഡമാക്കിയ അവസ്ഥയില്‍. ഏതുരീതിയില്‍ നിഗൂഡമാക്കിയെന്നതൊന്നും കണക്കാക്കാതെ സ്വതന്ത്രമല്ലാത്ത ഫേംവെയറുകളെയെല്ലാം ഒരു സ്വതന്ത്ര വിതരണത്തില്‍ നിന്നും ഒഴിവാക്കേണ്ടതാണു്.

(എന്നുവച്ച്, ഡ്രൈവറിലുള്ള എല്ലാ അക്കങ്ങളുടെ കൂട്ടങ്ങളും ഫേംവെയറുകളല്ല. ഒരു വിവരം സ്വതന്ത്ര വിതരണത്തിനു അനുയോജ്യമാണോ എന്നു തീരുമാനിക്കുന്നതിനു അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചു വ്യക്തമായി അറിഞ്ഞിരിക്കേണ്ടതു് അത്യാവശ്യമാണു്.)

ഒരു സാമ്പ്രദായിക ലിനക്സ് കെര്‍ണല്‍ പതിപ്പില്‍നിന്നും സ്വതന്ത്രമല്ലാത്ത ഫേംവെയറുകള്‍ ഒഴിവാക്കാനായുള്ള പ്രോഗ്രാമുകളുടെ ഒരു കൂട്ടം, ബ്രയാന്‍ ബ്രാസിലും ജെഫ് മോയും അലക്സാണ്ട്ര് ഒലിവയും ചേര്‍ന്നു വികസിപ്പിച്ചിട്ടുണ്ടു്. നിങ്ങള്‍ ഒരു സ്വതന്ത്ര ഗ്നു/ലിനക്സ് വിതരണം വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവ സഹായകമായേക്കും – പുതുതായി ഒന്നുകൂടി തുടങ്ങി പരിശ്രമങ്ങള്‍ വിഘടിച്ചുകളയുന്നതിനേക്കാളും നിലവിലുള്ള ഒരു സ്വതന്ത്ര വിതരണത്തിന്റെ വികസനത്തില്‍ പങ്കാളികളാവാനാണു് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുക. ബ്ലോബുകളില്ലാത്ത ലിനക്സ് കെര്‍ണലിന്റെ മൂലരൂപം മുഴുവനും ലഭ്യമാണു്. ഈ സംരംഭത്തെക്കുറിച്ചു് കൂടുതലായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഡയറക്റ്ററിയില്‍ വായിക്കാം.

പ്രായോഗികോപയോഗത്തിനല്ലാതെയുള്ള വിവരങ്ങള്‍

പ്രായോഗികമായി ഉപയോഗിക്കാൻ കഴിയാത്ത, പ്രായോഗികമായ ഒരു പ്രവൃത്തിയും ചെയ്യാത്ത വിവരങ്ങള്‍, ആ സിസ്റ്റത്തിന്റെ സോഫ്റ്റ്‌വെയറുകളുടെ ഒരു ഭാഗമെന്നതിനേക്കാളുപരി ഒരു മോടികൂട്ടൽ ഉപാധി ആണ്. അതുകൊണ്ടു്, സ്വതന്ത്ര അനുമതിപത്ര മാനദണ്ഡങ്ങളിൽ അപ്രായോഗിക ഉപയോഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾക്കു വേണ്ടി ഞങ്ങൾ ശഠിയ്ക്കാറില്ല. അവയുടെ അനുമതിപത്രങ്ങള്‍ വാണിജ്യപരമോ അല്ലാത്തവയോ ആയ ആവശ്യങ്ങള്‍ക്കായി പകര്‍ത്താനും പുനര്‍വിതരണം ചെയ്യാനും അനുവദിക്കുന്നിടത്തോളം ഒരു സ്വതന്ത്ര വിതരണത്തിൽ ഉള്‍പ്പെടുത്താവുന്നതാണു്. ഉദാഹരണത്തിനു് ഗ്നു ജിപിഎല്ലിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ചില ഗെയിം എന്‍ജിനുകളോടൊപ്പമുള്ള ചില കളിവിവരങ്ങള്‍ – ലോക ഭൂപടം, കളിക്കു വേണ്ടിയുള്ള കലാവിരുതുകള്‍ തുടങ്ങിയവ – ഇത്തരത്തിലുള്ള അനുമതിപത്രങ്ങള്‍ പ്രകാരം വിതരണം ചെയ്യപ്പെടുന്നവയാണു്. അതിന്റെ അനുമതിപത്രം സ്വതന്ത്രമല്ലെങ്കിൽ പോലും, അത് അപ്രായോഗിക ഉപയോഗത്തിനുള്ളതായതു കാരണം, ഇത്തരത്തിലുള്ള വിവരങ്ങള്‍ക്കു് ഒരു സ്വതന്ത്ര വിതരണത്തിന്റെ ഭാഗമാകാവുന്നതാണു്.

വ്യാപാരമുദ്രകള്‍

ചില സോഫ്റ്റ്‌വെയറുകളോടൊപ്പം വ്യാപാരമുദ്രകളുണ്ടാവറുണ്ടു്. ഉദാഹരണത്തിനു് പ്രയോഗത്തിന്റെ പേരോ, അതിന്റെ ഇന്റർഫേസില്‍ പ്രദര്‍ശിപ്പിക്കുന്ന ലോഗോയൊ ഒക്കെ വ്യാപാരമുദ്രകളാവാം. ഈ മുദ്രകളുടെ ഉപയോഗം പലപ്പോഴും നിയന്ത്രിതമാണു്; സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തുന്ന നിര്‍മ്മാതാക്കളോടു് സാധാരണയായി മാറ്റം വരുത്തിയ സോഫ്റ്റ്‌വെയറില്‍ നിന്നും വ്യാപാരമുദ്രകളിലേക്കുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടാറുണ്ടു്.

അങ്ങേയറ്റത്തെ ചില സന്ദര്‍ഭങ്ങളില്‍ ഈ നിയന്ത്രണങ്ങള്‍ പ്രായോഗികമായി പ്രയോഗത്തെ സ്വതന്ത്രമല്ലാതാക്കും. മൂലരൂപത്തില്‍ ചിന്നംപിന്നം കിടക്കുന്ന വ്യാപാരമുദ്രകളൊഴിവാക്കിമാത്രമേ മാറ്റം വരുത്താവൂ എന്നു പറയുന്നതു് തികച്ചും അന്യായമാണു്. എന്തായാലും, പ്രായോഗികാവശ്യങ്ങള്‍ ന്യായമായിരിക്കുന്നിടത്തോളം കാലം സ്വതന്ത്ര വിതരണങ്ങളില്‍ ഈ പ്രയോഗങ്ങള്‍ വ്യാപാരമുദ്രകളോടുകൂടിയോ അല്ലാതെയോ ചേര്‍ക്കാവുന്നതാണു്.

അതുപോലെത്തന്നെ വിതരണങ്ങള്‍ക്കും വ്യാപാരമുദ്രകളുണ്ടാവാം. മേന്‍മകളൊന്നും നഷ്ടമാകാതെ വ്യാപാരമുദ്രകള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നിടത്തോളം കാലം, മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അവ ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നതു് ഒരു പ്രശ്നമല്ല.

പക്ഷേ, വ്യാപാരമുദ്രകളുപയോഗിച്ചു് വിതരണത്തിന്റെയോ അതിന്റെ ഏതെങ്കിലും ഭാഗത്തിന്റെയോ യഥാതഥാ പകര്‍പ്പെടുക്കുന്നതോ, പുനര്‍വിതരണം ചെയ്യുന്നത് നിയന്ത്രിക്കുന്നതോ തികച്ചും അസ്വീകാര്യമാണു്.

സഹായരേഖകള്‍

ഒരു സ്വതന്ത്ര വിതരണത്തിലെ എല്ലാ സഹായരേഖകളും അനുയോജ്യമായ ഒരു സ്വതന്ത്ര അനുമതിപത്രം പ്രകാരം പ്രസിദ്ധീകരിച്ചതായിരിക്കണം. മാത്രമല്ല, ഒരിക്കലും സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ ശുപാര്‍ശ ചെയ്യാതിരിക്കാനായി അവ നിതാന്ത ജാഗ്രതപുലര്‍ത്തുകയും വേണം.

പൊതുവായിപ്പറഞ്ഞാല്‍, സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്കു് അതോടൊപ്പം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നവ സ്വീകാര്യമാണു്, എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളെ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഇൻസ്റ്റാൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നവ സ്വീകാര്യമല്ല.

ഉദാഹരണത്തിനു്, ഇരട്ട ബൂട്ട് സംവിധാനം പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള സഹായരേഖകള്‍ ഒരു സ്വതന്ത്ര വിതരണത്തിലുണ്ടാവാം. അതു് കുത്തക പ്രവര്‍ത്തക സംവിധാനത്തിന്റെ ഫയല്‍സംവിധാനത്തില്‍ എങ്ങനെ പ്രവേശിക്കാം എന്നും അതില്‍ നിന്നും എങ്ങനെ സംവിധാനവിവരങ്ങള്‍ ഇറക്കുമതി ചെയ്യാം എന്നുമെല്ലാം വിശദീകരിക്കുന്നുണ്ടാവാം. അതു് കുത്തക സോഫ്റ്റ്‌വെയര്‍ ഉള്ള ഒരു കമ്പ്യൂട്ടറില്‍ സ്വതന്ത്ര വിതരണം കൂട്ടിച്ചേര്‍ക്കാന്‍ ആളുകളെ സഹായിക്കുന്നു, ഇത് നല്ലതാണ്.

സഹായരേഖകള്‍ ആളുകള്‍ക്കു് സ്വതന്ത്രമല്ലാത്ത പ്രയോഗം കൂട്ടിച്ചേര്‍ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ, അങ്ങനെ ചെയ്യുന്നതുകൊണ്ടു ലഭിക്കുന്ന സൌകര്യങ്ങള്‍ പരാമര്‍ശിക്കുകയോ ചെയ്യുന്നതു് തികച്ചും അസ്വീകാര്യമാണു്.

കയ്യാലപ്പുറത്തിരിക്കുന്ന കാര്യങ്ങളില്‍, വ്യക്തമായും ഗൗരവമായും സ്വതന്ത്രമല്ലാത്ത പ്രയോഗങ്ങള്‍ ഉപയോഗിക്കരുതെന്നു് ശക്തമായ ആഹ്വാനം നടത്തുന്നതു് അവയെ സ്വീകാര്യമായ ഭാഗത്തേക്കാക്കുന്നു.

പേറ്റന്റുകള്‍

ഒരു സോഫ്റ്റ്‌വെയര്‍ വല്ല പേറ്റന്റുകളും ലംഘിക്കുന്നുണ്ടോ ഇല്ലയോ എന്നു് പരിശോധിക്കുക സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവരെയും വിതരണം ചെയ്യുന്നവരെയും സംബന്ധിച്ചു് അസാദ്ധ്യമാണു്: അനന്തതയോളമെത്തുന്ന എണ്ണവും, ഓരോ രാജ്യത്തിലും ഉള്ള മാറ്റങ്ങളും, എന്തെല്ലാം അവയുടെ പരിധിയില്‍ വരുമെന്നും ഇല്ലെന്നും മനസ്സിലാക്കാന്‍ പ്രയാസമായരീതിയിലുള്ള വാക്യപ്രയോഗങ്ങളും എന്തിനേറെ, ഏതവയെല്ലാം നിയമാനുസാരിയാണെന്നു പോലും പറയാന്‍ പ്രയാസമാണു്. അതുകൊണ്ടു പേറ്റന്റ് ലംഘനഭീഷണിയുണ്ടെന്നതുകൊണ്ടുമാത്രം സോഫ്റ്റ്‌വെയറുകളെ ഒഴിവാക്കണമെന്നു് സ്വതന്ത്ര വിതരണങ്ങളോടു് ഞങ്ങള്‍ പൊതുവേ ആവശ്യപ്പെടാറില്ല. എന്നാല്‍ പേറ്റന്റ് ഭീഷണി ഒഴിവാക്കാനായി ചില സോഫ്റ്റ്‌വെയറുകളെ ആരെങ്കിലും മാറ്റി നിര്‍ത്തുന്നതിനു ഞങ്ങള്‍ എതിരുമല്ല.

മാൽവെയർ പാടില്ല

വിതരണത്തിൽ ഒരിക്കലും ഡിആർഎം (DRM) പാടില്ല, ബാക്ക് ‍ഡോറുകൾ പാടില്ല, സ്പൈവെയറുകളും പാടില്ല.

തെറ്റുകള്‍ തിരുത്താനുള്ള സന്നദ്ധത

മിക്ക വിതരണ വികസന സംഘങ്ങള്‍ക്കും അവരുടെ വിതരണങ്ങള്‍ ഈ നിദാനങ്ങളെല്ലാം പാലിക്കുന്നുണ്ടോയെന്നുറപ്പുവരുത്താനുള്ള വിഭവങ്ങളില്ല. ഞങ്ങള്‍ക്കുമില്ല. അതുകൊണ്ടുതന്നെ വിതരണങ്ങളിൽ യാദൃശ്ചികമായി തെറ്റുകളുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു: ചില സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ കടന്നു കൂടുക, തുടങ്ങിയവ. ഈ പിഴവുകളുടെ പുറത്തു് ഒരു വിതരണത്തിനും ഞങ്ങള്‍ അയിത്തം കല്‍പ്പിക്കാറില്ല. അവരെ ഗ്രഹിപ്പിക്കുന്ന പിഴവുകള്‍ താമസംവിനാ തിരുത്താന്‍ വിതരണ നിര്‍മ്മാതാക്കള്‍ക്കുള്ള സന്നദ്ധതയാണു് പ്രധാനം.

പരിപാലനം

പട്ടികയിലുള്‍പ്പെടുത്തുന്നതിനു് ഒരു വിതരണം സജീവമായി പരിപാലിക്കപ്പെടുന്നതാവുകയും ഞങ്ങള്‍ കണ്ടെത്തുന്ന സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകളെ സംബന്ധിച്ച പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനുള്ള വ്യക്തവും പ്രത്യേകവുമായ മാര്‍ഗ്ഗം ഗ്നു സംരഭത്തെ ധരിപ്പിക്കുകയും വേണം. ഞങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിയുമ്പോള്‍ ഞങ്ങളെ അറിയിക്കുകയും വേണം.

പേരിലെ ആശയക്കുഴപ്പം

സ്വതന്ത്രമല്ലാത്ത വിതരണങ്ങളുമായി ആശയക്കുഴപ്പമുണ്ടാക്കുന്ന പേരുകളുള്ള വിതരണങ്ങള്‍ ഞങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. ഉദാഹരണത്തിനു്, ഫൂബാര്‍ ലൈറ്റ് ഒരു സ്വതന്ത്ര വിതരണവും ഫൂബാര്‍ ഒരു സ്വതന്ത്രമല്ലാത്ത വിതരണവുമാണെങ്കില്‍ ഞങ്ങള്‍ ഫൂബാര്‍ ലൈറ്റ് പട്ടികയില്‍ പെടുത്തില്ല. ഇതിനു കാരണം, സന്ദേശത്തിന്റെ ആശയ വിനിമയ പ്രക്രിയയിൽ ഇവ രണ്ടും തമ്മിലുള്ള വേർതിരിവ് നഷ്ടമാകുമെന്ന് ഞങ്ങൾ ആശങ്കപ്പെടുന്നു.

അതായത്, സ്വതന്ത്ര വിതരണത്തിന്റെ മുഖ്യ നാമം (ഈ ഉദാഹരണത്തിൽ “ഫൂബാർ”) ഒരു അസ്വതന്ത്ര വിതരണത്തിന്റെയും പേരിന്റെ ഭാഗമാകുവാൻ പാടില്ല.

സ്വതന്ത്ര വിതരണങ്ങളെ സ്വതന്ത്രമല്ലാത്തവയിൽ നിന്നും വേർതിരിയ്ക്കാനായി “ഗ്നു” എന്ന പേര് അവയുടെ പേരിനോടു ചേർക്കാൻ ചിലർ ആലോചിച്ചിട്ടുണ്ടു്. ഇതിനു് രണ്ടു പ്രശ്നങ്ങളുണ്ടു്. ഒന്ന്, രണ്ടു് പേരുകളും പര്യാപ്തമായ വിധത്തിൽ വ്യത്യസ്തമാകണമെന്നില്ല, എന്തുകൊണ്ടെന്നാൽ രണ്ടു പേരുകളിലെയും മുഖ്യമായ വാക്കു് ഒന്നുതന്നെ ആയേക്കാം.

രണ്ടു്, “ഗ്നു” എന്നതിന്റെ അർത്ഥത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനെ ഇതു് പ്രേരിപ്പിക്കും. സാധാരണയായി ലിനക്സ് കെർണലിനോടൊപ്പം ഉപയോഗിയ്ക്കുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റം ആണ് ഗ്നു, അടിസ്ഥാനപരമായി “ലിനക്സ്” എന്നു വിളിയ്ക്കുന്ന എല്ലാ വിതരണങ്ങളും ശരിയ്ക്കും ഗ്നു/ലിനക്സ് വിതരണങ്ങളാണ്. ഈ സാഹചര്യത്തിൽ, രണ്ടു് പതിപ്പുകളും ഗ്നു/ലിനക്സ് ആണ്, “ഗ്നു” എന്ന പേരു് അതിൽനിന്നും ഒഴിവാക്കുന്നതു് തെറ്റിദ്ധാരണയിലേയ്ക്കു് നയിക്കും.

ഉറവയെ ബന്ധപ്പെടുന്നതെങ്ങനെ

ഒരു ഗ്നു പൊതിയിലെ ബഗ്ഗ് ചൂണ്ടിക്കാട്ടിയ വിതരണ നിര്‍മ്മാതാക്കള്‍ക്കും (ബാക്കിയെല്ലാവര്‍ക്കും) വേണ്ടി: ന്യായമായ സമയത്തിനുള്ളില്‍ (രണ്ടാഴ്ചയെങ്കിലും) പൊതിയുടെ പരിപാലകന്‍ ഇതു ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ <maintainers.gnu.org> യിലേക്കു് എഴുതുന്നതു വഴി ബഗ്ഗിനെ പൊക്കിയെടുക്കാം. പൊതിയുടെ പരിപാലകന്‍ ഈയടുത്ത കാലത്തൊന്നും കാര്യമായൊന്നും ചെയ്തതായി കാണുന്നില്ലെങ്കെല്‍ ഇതു് തീർച്ചയായും ചെയ്യണം.

ദയവായി ഉപയോക്താക്കളെ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചു് പഠിപ്പിക്കുക

ശാശ്വതമായ സ്വാതന്ത്ര്യം സ്ഥാപിയ്ക്കുന്നതിന്, ഉപയോക്താക്കൾക്ക് സ്വാതന്ത്ര്യം കൊടുക്കുന്നു എന്നതു മാത്രം കൊണ്ടു് മതിയാവില്ല. അതിന്റെ അർത്ഥം എന്തെന്നു് മനസ്സിലാക്കാനും അതിനുവേണ്ടി ദൃഢമായി ആവശ്യപ്പെടാനും അവരെ പഠിപ്പിയ്ക്കേണ്ടതും അത്യാവശ്യമാണു്. അതുകൊണ്ടു്, സ്വതന്ത്ര വിതരണങ്ങൾ, ലോഗിന്നിനു് മുൻപും ശേഷവും ഉള്ള ഡിഫോൾട്ട് ഡസ്ക്ടോപ് സ്ക്രീനിൽ, കാണത്തക്കരീതിയിൽ, “ഈ സിസ്റ്റം സ്വാതന്ത്ര്യത്തെ ബഹുമാനിയ്ക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണ്” അല്ലെങ്കിൽ ഇതിനോടു് താരതമ്യപ്പെടുത്താവുന്ന, സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സ്പഷ്ടമായ പ്രസ്താവനകൾ രേഖപ്പെടുത്താനും മാത്രമല്ല ഈ കാര്യത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കുവേണ്ടി gnu.org-ലേക്കോ അല്ലെങ്കിൽ gnu.org/philosophy-യിലേക്കോ സൂചിപ്പിയ്ക്കുന്ന ഒരു കണ്ണി അല്ലെങ്കിൽ ഐക്കൺ പ്രദർശിപ്പിക്കുവാനും, ഞങ്ങൾ നിർദ്ദേശിയ്ക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

ദയവായി പ്രചാരണങ്ങളും ആശയക്കുഴപ്പങ്ങളും ആവർത്തിയ്ക്കുന്നത് ഒഴിവാക്കുക

ദയവായി ഞങ്ങളുടെ ഒഴിവാക്കേണ്ട വാക്കുകളുടെ പട്ടിക കാണുക, നിങ്ങളുടെ പൊതു പ്രസ്താവനകളിലും പൊതുജനങ്ങളുമായുള്ള ചർച്ചകളിലും, ഇത്തരം പക്ഷപാതപൂർണമോ, വഴി തെറ്റിയ്ക്കുന്നതോ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാക്കുകൾ ഒഴിവാക്കാൻ ശ്രമിയ്ക്കുക.

ഉപസംഹാരം

ഞങ്ങള്‍ക്കറിവുള്ള സ്വതന്ത്ര വിതരണങ്ങളുടെ ഒരു പട്ടിക ഞങ്ങള്‍ പരിപാലിക്കുന്നുണ്ടു്. പട്ടികയിലില്ലാത്ത ഒരു സ്വതന്ത്ര വിതരണത്തെക്കുറിച്ചു് നിങ്ങള്‍ക്കറിവുണ്ടെങ്കില്‍ വിതരണത്തെക്കുറിച്ചുള്ള ഒരു ചെറിയ വിവരണവും വെബ് താളിലേക്കുള്ള ഒരു കണ്ണിയുമായി <webmasters@gnu.org> ലേക്കെഴുതാന്‍ വിതരണ നിര്‍മ്മാതാക്കളോടു പറയുക.

ഇതേ ധാർമ്മിക വ്യവസ്ഥിതികളുള്ള സ്വതന്ത്ര നോൺ-ഗ്നു സിസ്റ്റം വിതരണങ്ങളും ഞങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.

നിങ്ങള്‍ക്കീ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെപ്പറ്റി സംശയങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഈ വിലാസത്തില്‍ <licensing@fsf.org> എഴുതുക. സ്വതന്ത്ര വിതരണങ്ങള്‍ക്കു് പ്രധാനമായ പ്രശ്നങ്ങളെപ്പറ്റി എല്ലാവര്‍ക്കും കൂടുതല്‍ മനസ്സിലാക്കുന്നതിനു് ഇവ സഹായിക്കുമെന്നാണു് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതു്, ഭാവിയില്‍ കൂടുതല്‍ സ്വതന്ത്ര വിതരണങ്ങളെ പ്രോത്സാഹിപ്പിക്കാനാവുമെന്നും ആശിക്കുന്നു.